കോഴിക്കോട്: മറ്റൊരാളുടെ നിര്‍ദ്ദേശം അനുസരിച്ചാണ് എലത്തൂരില്‍ ട്രെയിനില്‍ തീവെപ്പ് നടത്തിയതെന്ന പ്രതി ഷാരൂഖ് സൈഫിയുടെ വെളിപ്പെടുത്തലില്‍ ദുരൂഹത. പ്രതിയുടേതെന്ന് കരുതുന്ന ബാഗില്‍ കണ്ടെത്തിയ നോട്ടുബുക്കിലെയും പാഡിലെയും വിവരങ്ങള്‍ പ്രതി ഉത്തരേന്ത്യക്കാരനാണെന്നതിലേക്കും മാവോയിസ്റ്റാണെന്നതിലേക്കുമടക്കമുള്ളതിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. പ്രതിഷേധങ്ങള്‍ നടന്ന ഷഹീന്‍ ബാഗിലാണ് ഷാരൂഖിന്റെ വീട് എന്നതും ഭീകരബന്ധത്തിന്റെ സംശയം ഉണര്‍ത്തുന്നതാണ്. ബാഗില്‍ നിന്ന് ലഭിച്ച സിം ഇല്ലാത്ത ഫോണിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ ഡല്‍ഹി ഷഹീന്‍ ബാഗ് ബന്ധം കണ്ടെത്തിയത് .
ഡല്‍ഹി ഷഹീന്‍ബാഗില്‍ നിന്ന് മാര്‍ച്ച് 31ന് കാണാതായ യുവാവ് തന്നെയാണ് എലത്തൂരിലെ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് നിലവില്‍ മഹാരാഷ്ട്രയില്‍ പിടിയിലായത്. ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ ഇവിടെയെത്തിയത്. ഇന്നലെ പ്രതിയെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് എ ടി എസിന് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് പ്രതിയെ മഹാരാഷ്ട്ര എ ടി എസ് ആണ് പിടികൂടിയത്.
പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഷഹീന്‍ ബാഗില്‍ രാജ്യവിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നത് സ്വതന്ത്ര പ്രതിഷേധങ്ങളല്ലെന്ന് ഡല്‍ഹി പോലീസ് തന്നെ നേരത്തെ കണ്ടെത്തിയിരുന്നു . പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയും ഷഹീന്‍ ബാഗിന് സമരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും പ്രതിഷേധങ്ങളെ നാട്ടുകാര്‍ പിന്തുണച്ചിരുന്നില്ലെന്നും പൊലീസ് ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

