കോഴിക്കോട് ട്രെയിൻ ആക്രമണം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കോഴിക്കോട് ട്രെയിൻ ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. 5 ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് സഹായം ലഭിക്കുക. മരണപ്പെട്ട കെ പി നൗഫീഖ്, റഹ്മത്ത്, സഹ്റ ബത്തൂൽ എന്നിവരുടെ ആശ്രിതർക്കാണ് തുക നൽകുക. മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

അതേസമയം, ട്രെയിനിൽ തീവെച്ച കേസിലെ പ്രതി പിടിയിലായി. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. രത്‌നഗിരിയിലെ ഒരു ആശുപത്രിയിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി പ്രതിയെ പിടികൂടുന്നത്. പൊള്ളലേറ്റതിനെ തുടർന്നാണ് പ്രതി ചികിത്സയിൽ കഴിഞ്ഞിരുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പരിശോധനയ്‌ക്കെത്തിയപ്പോൾ ഇവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സംഘം സാഹസികമായി കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഫോട്ടോ, ഫോൺ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങളനുസരിച്ചാണ് പ്രതിയിലേക്കെത്തിയത്. കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെയാണ് മഹാരാഷ്ട്ര എടിഎസ് ഇയാളെ പിടികൂടിയത്. പ്രതിയെ ഉടൻ കേരളത്തിലെത്തിക്കുമെന്നാണ് റിപ്പോർട്ട്.