അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റണം; നിർദ്ദേശവുമായി ഹൈക്കോടതി

ഇടുക്കി: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റാൻ ഉത്തരവിട്ട് ഹൈക്കോടതി. വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ചിന്നക്കനാലിൽ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റണമെന്നാണ് നിർദ്ദേശം. ഇതുസംബന്ധിച്ച് സമയവും ക്രമീകരണങ്ങളുമെല്ലാം തീരുമാനിക്കാനുള്ള അധികാരം വനംവകുപ്പ് അധികൃതർക്കാണ്.

ഇതിനായി പോലീസ്, ഫയർ ഫോഴ്സ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സഹായവും തേടാം. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്നായിരുന്നു വിദഗ്ധ സമിതി ആവശ്യപ്പെട്ടത്. പറമ്പിക്കുളം മുതുവരച്ചാൽ മേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഇതാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നും വിദഗ്ധ സമിതി പറഞ്ഞിരുന്നു. തുടർന്നാണ് കോടതിയുടെ തീരുമാനം.

മദപ്പാടുള്ള ആനകളെ ഇത്തരത്തിൽ മാറ്റുന്നതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങളുണ്ടോയെന്ന് ചീഫ് വെറ്ററിനറി ഓഫീസറോട് ചോദിച്ചു. ഇതിന് അനുകൂല മറുപടിയാണ് ലഭിച്ചതോടെയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.