ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പല വിഷയങ്ങളിലും താൻ പ്രധാനമന്ത്രിയെ എതിർത്തിരുന്നെന്നും എന്നാൽ ഒരിക്കലും പ്രതികാര മനോഭാവത്തിൽ അദ്ദേഹം പ്രവർത്തിച്ചിട്ടില്ലെന്നും ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗുലാം നബി ആസാദിന്റെ ആത്മകഥ ബുധനാഴ്ച പ്രകാശനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോൺഗ്രസ് നേതാവ് കരൺ സിംഗ് ആണ് ഗുലാം നബി ആസാദിന്റെ ആത്മകഥ പ്രകാശനം ചെയ്യുന്നത്. താൻ പ്രധാനമന്ത്രിയെ ആർട്ടിക്കിൾ 370, സിഎഎ, ഹിജാബ് തുടങ്ങിയ വിഷയങ്ങളിൽ കഠിനമായി വിമർശിച്ചിരുന്നു. എന്നാൽ അദ്ദേഹം ഒരിക്കലും പ്രതികാര ബോധത്തോടെ രാഷ്ട്രീയത്തിൽ പെരുമാറിയിട്ടില്ല. ഇതിന്റെ ക്രെഡിറ്റ് താൻ അദ്ദേഹത്തിന് നൽകണം. പ്രധാനമന്ത്രി എപ്പോഴും ഒരു ലിബറൽ രാഷ്ട്രീയക്കാരനെപ്പോലെയും ഒരു രാഷ്ട്രതന്ത്രജ്ഞനെപ്പോലെയുമാണ് പെരുമാറിയതെന്ന് അദ്ദേഹം അറിയിച്ചു.
തന്റെ രാഷ്ട്രീയ അനുഭവങ്ങളും 50 വർഷത്തെ നിരവധി സംഭവങ്ങളും ഗുലാം നബി ആസാദ് തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ജയറാം രമേഷ്, സൽമാൻ ഖുർഷിദ് തുടങ്ങിയ നേതാക്കൾക്കെതിരെ വലിയ ആരോപണങ്ങളാണ് ആത്മകഥയിൽ പരാമർശിച്ചിട്ടുള്ളതെന്നാണ് പുറത്തു വരുന്ന വിവരം.

