പോൺ താരത്തിന് പണം നൽകിയ കേസ്; ഡോണൾഡ് ട്രംപ് കോടതിയിൽ കീഴടങ്ങി

ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കോടതിയിൽ കീഴടങ്ങി. ക്രിമിനൽ കേസിൽ പ്രതിയായ ട്രംപ് ഇന്ത്യൻ സമയം രാത്രി 11 മണിയോടെയാണ് കോടതിയിൽ കീഴടങ്ങിയത്. നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ.

കുറ്റപത്രം വായിച്ചുകേട്ട ശേഷം ട്രംപ് ഫ്‌ലോറിഡയിലേക്ക് മടങ്ങുമെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രസിഡന്റായിരുന്ന വ്യക്തി ക്രിമിനൽ കേസിൽ വിചാരണ നേരിടുന്നത് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ്. പോൺ താരമായ സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധം ഒതുക്കിതീർക്കാൻ, പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുൻപ് 13,000 ഡോളർ നൽകിയെന്നാണ് ട്രംപിനെതിരെയുള്ള കേസ്. ന്യൂ യോർക്ക് ഗ്രാൻഡ് ജ്യൂറിയാണ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തിയത്.