എ രാജയ്ക്ക് തിരിച്ചടി; ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവിലെ ഇടക്കാല സ്റ്റേ നീട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: എ രാജയ്ക്ക് തിരിച്ചടി. ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവിലെ ഇടക്കാല സ്റ്റേ നീട്ടണമെന്ന മുൻ എംഎൽഎ എ രാജയുടെ ആവശ്യം ഹൈക്കോടതി തള്ളി. അയോഗ്യതാ ഉത്തരവിൽ അപ്പീൽ നൽകാൻ അനുവദിച്ച പത്ത് ദിവസത്തെ സ്റ്റേ നീട്ടി നൽകില്ലെന്ന് ഹൈക്കോടതി അറിയിച്ചു.

അയോഗ്യനാക്കപ്പെട്ട ഉത്തരവിലെ തുടർ നടപടികൾ 20 ദിവസത്തേക്കുകൂടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് രാജ ഹൈക്കോടതിയെ സമീപിച്ചത്. അപ്പിൽ നൽകുന്നത് പരിഗണിച്ച് നേരത്തെ അനുവദിച്ച പത്തുദിവസത്തെ സ്റ്റേ ഇരുപത് ദിവസത്തേക്ക് നീട്ടി നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. യുഡിഎഫ് സ്ഥാനാർഥി ഡി കുമാർ ആണ് ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് രാജ ഹാജരാക്കിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ പരിവർത്തന ക്രൈസ്തവ വിഭാഗത്തിലെ അംഗമാണെന്നാണ് അയോഗ്യതയായി പറയുന്നത്.

2021 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 7848 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എ രാജ വിജയിച്ചിരുന്നത്. ധാർമികതയുടെ വിജയമാണിതെന്നാണ് കോൺഗ്രസ് നേതൃത്വം ഹൈക്കോടതി വിധിയോട് പ്രതികരിച്ചത്.