ഉത്തേജക മരുന്ന് പരിശോധന: സഞ്ജിത ചാനുവിന് നാലുവര്‍ഷം വിലക്ക്‌

ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യയുടെ സഞ്ജിത ചാനുവിന് നാലുവര്‍ഷം വിലക്കേര്‍പ്പെടുത്തി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി. കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയില്‍ താരം നിരോധിത സ്റ്റിറോയ്ഡ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഭാരോദ്വഹനത്തില്‍ 2014, 2018 കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ സഞ്ജിത ചാനു സ്വര്‍ണം നേടിയിരുന്നു. 2014-ല്‍ 48 കിലോ വിഭാഗത്തിലും 2018-ല്‍ 53 കിലോ വിഭാഗത്തിലുമാണ് താരം മത്സരിച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ ഗെയിംസിനിടെ നടത്തിയ പരിശോധനയില്‍ ഡ്രോസ്റ്റനോലോണ്‍ മെറ്റബോളൈറ്റ് എന്ന നിരോധിത അനാബോളിക്ക് സ്റ്റിറോയ്ഡ് താരം ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ സഞ്ജിതയ്ക്ക് ദേശീയ ഗെയിംസിലെ വെള്ളിമെഡല്‍ നഷ്ടമായേക്കും.