ഇടുക്കി: അരിക്കൊമ്പൻ വിഷയത്തിൽ കോടതി നിയോഗിച്ച വിദഗ്ധ സമിതി മൂന്നാറിലെ വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിൽ തെളിവെടുപ്പ് നടത്തി. 6 കർഷകരിൽ നിന്നും മേഖലയിലെ ആദിവാസി കോളനികളിൽ നിന്നുള്ള 10 പേരിൽ നിന്നും സമിതി അംഗങ്ങൾ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
പ്രശ്നബാധിത മേഖലയായ സിംങ്കകണ്ടത്തും 301 കോളനിയിലും വിദഗ്ധ സംഘം തെളിവെടുക്കാൻ എത്താൻ സാധ്യത ഇല്ലെന്നാണ് റിപ്പോർട്ട്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം.
അരിക്കൊമ്പനെ പിടികൂടുക എന്നതാണ് തങ്ങളുടെ ആവശ്യമെന്നും പ്രദേശത്തുനിന്ന് മാറി താമസിക്കാൻ തയ്യാറല്ലെന്നുമാണ് ഭൂരിഭാഗം പേരുടെയും പൊതു വികാരം. എന്നാൽ സർക്കാർ ഒഴിപ്പിക്കുകയാണെങ്കിൽ പര്യാപ്തമായ നഷ്ടപരിഹാരം ലഭിച്ചാൽ ഒഴിഞ്ഞുപോകാൻ തയ്യാറാണെന്ന് തരത്തിൽ ചില പ്രതികരിച്ചതായും വിവരമുണ്ട്. സിംങ്കകണ്ടത്തും 301 കോളനിയിലും ആണ് കാട്ടാനക്കൂട്ടം കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിയിട്ടുള്ളത്.
അരിക്കൊമ്പനെ പിടികൂടുന്നതിന് പകരം മറ്റെന്തെങ്കിലും പരിഹാരം ഉണ്ടോ എന്ന് വിദഗ്ധസമിതി പരിശോധിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. കോട്ടയം ഹൈറേഞ്ച് സർക്കിൾ സിസിഎഫ് ആർഎസ് അരുൺ, പ്രൊജക്റ്റ് ടൈഗർ സിസിഎഫ് എച്ച് പ്രമോദ്, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടും ചീഫ് വെറ്റിനേറിയനുമായ ഡോക്ടർ എൻ വി കെ അഷ്റഫ്, കോടതി നിയോഗിച്ച അമകസ്സ്ക്യൂരി അഡ്വക്കേറ്റ് രമേശ് ബാബു തുടങ്ങിയവരാണ് സ്ഥലം സന്ദർശിക്കുന്നത്. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിഷയത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുന്നത്.

