അമിതമായി ഇയർഫോൺ ഉപയോഗിക്കുന്നവരാണോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ…

ഇന്ന് ഇയർ ഫോൺ ഉപയോഗിക്കാത്തവർ ചുരുക്കമാണ്. പാട്ടു കേൾക്കാനും ഫോൺ വിളിക്കാനും സിനിമ കാണാനുമെല്ലാം നമ്മളിൽ പലരും ഇന്ന് ഇയർ ഫോൺ ഉപയോഗിക്കുന്നു. അമിതമായി ഇയർഫോൺ ഉപയോഗിക്കുന്നത് നല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അറുപത് ശതമാനത്തിൽ അധികം സൗണ്ടോടുകൂടി ഇയർഫോൺ ഉപയോഗിക്കുന്നത് കേൾവിയെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇയർഫോൺ ഉപയോഗിക്കുമ്പോൾ പരമാവധി അറുപത് ശതമാനത്തിൽ കുറച്ച് വോളിയം ഉപയോഗിക്കണം. ഇയർഫോൺ വളരെ വൃത്തിയോടെ വേണം സൂക്ഷിക്കേണ്ടത്.

ഇയർബഡ്‌സുകളും ഹെഡ് ഫോണുകളും വൃത്തിയുള്ള കോട്ടൻ പാഡ് ഉപയോഗിച്ച് ക്ലീൻ ചെയ്യണം. ഇയർഫോൺ വൃത്തിയാക്കുന്നതിലൂടെ പൊടി, സൂക്ഷ്മാണുക്കൾ, മറ്റേതെങ്കിലും വസ്തുക്കൾ തുടങ്ങിയവ പറ്റിപിടിച്ചിരിക്കുന്നത് ഒഴിവാക്കാൻ കഴിയും.

ചിലപ്പോൾ നമ്മൾ പാട്ടു കേൾക്കാനും മറ്റുമായി കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഇയർ ഫോൺ ഉപയോഗിക്കും. എന്നാൽ, ഇത് തീരെ നല്ല ശീലം അല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ചെവിയുടെ ആരോഗ്യത്തേയാണ് ഈ ശീലം പ്രതികൂലമായി ബാധിക്കുന്നത്.

ഓരോ വ്യക്തികളുടെയും ചെവിയിലെ മാലിന്യങ്ങളിൽ മാരകമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഒരാൾ ഉപയോഗിച്ച ഇയർ ഫോൺ മറ്റൊരാൾ ഉപയോഗിക്കുമ്പോൾ ബഡ് വഴി ഇവ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. ഇത് ചെവിയിൽ പുതിയ ബാക്ടീരിയകൾ രൂപപ്പെടുന്നതിന് കാരണമാകും. ഇത് ഭാവിയിൽ കേൾവിക്കുറവിന് വരെ കാരണമാകാനിടയുണ്ട്.