നിരവധി രാസവസ്തുക്കള്‍ ഉപയോഗിച്ച് സംരക്ഷിച്ച ഈജിപ്തുകാരുടെ പുരാതന മൃതശരീരങ്ങളെയാണ് മമ്മി എന്ന് വിളിക്കുന്നത്. ധാതു സമ്പന്നമായ മണ്ണില്‍ കുഴിച്ചിടപ്പെട്ട നിരവധി മമ്മികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിന്നീട് കണ്ടെടുത്തിട്ടുള്ളത്.
എന്നാല്‍, ഇത്തരം മമ്മികളെ മ്യൂസിയങ്ങളില്‍ സന്ദര്‍ശിക്കുന്നത് അപകടകരമാണെന്നാണ് മെക്‌സിക്കോയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആന്‍ഡ് ഹിസ്റ്ററിയുടെ മുന്നറിയിപ്പ്. ഇത്തരം സന്ദര്‍ശനങ്ങള്‍ ആരോഗ്യപരമായ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തിയേക്കാമെന്നാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു. ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് മമ്മികളില്‍ ഫംഗസ് വളര്‍ച്ച ഉണ്ടാകുന്നതിനാല്‍ സന്ദര്‍ശകര്‍ക്കായുള്ള പ്രദര്‍ശനങ്ങള്‍ അപകടകരമാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.
മെക്സിക്കോയില്‍ ആറ് മമ്മികളെ ഒരു ഗ്ലാസ് കെയ്സിംഗില്‍ പ്രദര്‍ശിപ്പിക്കുന്നതിനോട് വിയോജിക്കുകയാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആന്‍ഡ് ഹിസ്റ്ററി ഗവേഷകര്‍. ‘ഗ്ലാസ് കെയ്സുകള്‍ വായു കടക്കാത്തതാണെന്ന് ഉറപ്പുവരുത്താന്‍ കഴിയാത്തിടത്തോളം സംഭവിച്ചേക്കാവുന്ന ആരോഗ്യ അപകടങ്ങള്‍ക്കെതിരെ ബോധവത്ക്കരണമോ പൊതുജനങ്ങള്‍ക്കുള്ള സംരക്ഷണമോ ഇല്ലാതെ അവ പ്രദര്‍ശിപ്പിക്കുന്നത് കൂടുതല്‍ ആശങ്കാജനകമാണ്. മമ്മികളില്‍ ഫംഗസ് വളര്‍ച്ച കണ്ടത് ഗ്ലാസ് കെയ്‌സുകളില്‍ വായു സഞ്ചാരമുണ്ടെന്നതിന് തെളിവാണ്. അതുകൊണ്ടുതന്നെ വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിന് മുന്‍പായി മമ്മികളെ ശ്രദ്ധാപൂര്‍വ്വം പഠിക്കണം’- ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി.

