രാജക്കാട്: പൊന്മുടി തൂക്കുപാലത്തിലൂടെയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം. ജില്ലാ കലക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പാലത്തിന് ബലക്ഷയം സംഭവിച്ചതായി വ്യക്തമായതോടെയാണ് നടപടി.
60 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള പൊന്‍മുടി തൂക്കുപാലത്തില്‍ വാഹന ഗതാഗതവും പരിധിയില്‍ അധികം ആളുകള്‍ കയറുന്നത് വലിയ അപകടത്തിന് കാരണമാകുമെന്നതിനാലാണ് ദുരന്തനിവാരണ നിയമം പ്രകാരം ഗതാഗതം നിരോധിച്ചത് . ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, ഉടുമ്പന്‍ചോല തഹസില്‍ദാര്‍, രാജാക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട് . ഗതാഗതം നിരോധിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് രാജാക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
പൊതുമരാമത്ത് (പാലങ്ങൾ), പഞ്ചായത്ത്, പൊലീസ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലാണ് പാലത്തിന് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയത്. 60 വർഷത്തിലേറെ പഴക്കമുള്ള പാലമാണിത്. ഭാരവാഹനങ്ങളുടെ യാത്രയ്ക്ക് നേരത്തെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സന്ദർശകരുടെ വാഹനങ്ങൾ പാലത്തിൽ നിർത്തിയിടുന്നതായും ഒരേ സമയം ഒന്നിലേറെ വാഹനങ്ങൾ പാലത്തിലൂടെ കടന്നു പോകുന്നുവെന്നും വ്യക്തമാക്കി നേരത്തെ പൊതുമരാമത്ത് (പാലങ്ങൾ) ഉപ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പിന്നീട് ഉടുമ്പൻചോല തഹസിൽദാർ, പൊതുമരാമത്ത് (പാലങ്ങൾ) എക്‌സിക്യൂട്ടീവ് എൻജിനീയർ, ഉടുമ്പൻചോല, രാജാക്കാട് പഞ്ചായത്ത് സെക്രട്ടറിമാർ, രാജാക്കാട് സിഐ എന്നിവരടങ്ങുന്ന സംയുക്ത സമിതി പരിശോധന നടത്തി ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് സമർപ്പിച്ചു. പാലത്തിന്റെ ഷീറ്റുകൾ പഴകിയതും കേബിളുകൾ കോൺക്രീറ്റ് ബ്ലോക്കിൽ ബന്ധിപ്പിച്ചിട്ടുള്ളതുമാണെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

