തിരുവനന്തപുരം: ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതി മന്ത്രി വി അബ്ദുറഹിമാൻ. കേരളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് കൂടുതൽ പേർക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സ്മൃതി ഇറാനിയ്ക്ക് കത്തെഴുതിയത്.
10331 പേരെയാണ് ഇത്തവണ കേരളത്തിൽ നിന്ന് ഹജ്ജിനായി തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്ന് 6322 പേർ, കൊച്ചി 2213, കണ്ണൂർ 1796 എന്നിങ്ങനെയാണ് അനുവദിച്ചത്. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരുള്ളത്. 3463 പേരാണ് മലപ്പുറം ജില്ലയിൽ നിന്നുള്ളത്. കേരളത്തിൽ നിന്ന് ഹജ്ജിന് 19524 പേർ അപേക്ഷ നൽകിയിരുന്നു. 2017, 2018, 2019 വർഷങ്ങളിൽ കേരളത്തിൽ നിന്ന് 11000 ത്തിൽ കൂടുതൽ പേരെ ഹജ്ജിന് തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചിരുന്നു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നായിരുന്നു നടപടി.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നേരിട്ടാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തിയത്. ഈ രീതി പുനഃപ്പരിശോധിക്കണമെന്നും ഹജ്ജ് ക്വാട്ട സംസ്ഥാനത്തിന് നിശ്ചയിച്ച് നൽകണമെന്നും ആവശ്യപ്പെട്ടാണ് അബ്ദുറഹിമാൻ സ്മൃതി ഇറാനിയ്ക്ക് കത്ത് നൽകിയത്. ഹജ്ജ് തീർത്ഥാടനത്തിന് കൂടുതൽ അപേക്ഷകരുള്ള കേരളത്തിന് അർഹമായ പരിഗണന നൽകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു.

