റിയാദ്: ഉംറ തീർത്ഥാടകർക്കായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സൗദി അറേബ്യ. ഈ റമദാൻ മാസത്തിൽ ഒരു തവണ ഉംറ തീർത്ഥാടനം നടത്തിയാൽ മതിയെന്നാണ് വിശ്വാസികളോട് സൗദി നിർദ്ദേശിച്ചിരിക്കുന്നത്. ഹജ്ജ്-ഉംറ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. റമദാനിൽ ഒരാൾ ഒറ്റത്തവണ മാത്രം ഉംറ തീർത്ഥാടനം നടത്തുന്നത് മറ്റ് തീർത്ഥാടകർക്കും ചടങ്ങുകൾ ചെയ്യാൻ അവസരം നൽകുമെന്നും ജനത്തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകർക്ക് സുഗമമായ യാത്ര ഉറപ്പുവരുത്താനും കഴിയുമെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
തവാക്കൽന, നുസൂക്ക് എന്നീ ആപ്പുകൾ വഴി ഉംറ തീർത്ഥാടകർ തങ്ങളുടെ അപ്പോയ്ൻമെന്റ് ഉറപ്പാക്കണം. ഉംറ തീർത്ഥാടനത്തിനുള്ള നടപടി ക്രമങ്ങൾ മുൻവർഷത്തേക്കാൾ ലഘൂകരിച്ചിട്ടുണ്ട്. ഉംറയ്ക്കായി ബുക്ക് ചെയ്ത തീർത്ഥാടകർ തങ്ങൾ ബുക്ക് ചെയ്ത തീയതിയും സമയവും കൃത്യമായി അറിഞ്ഞിരിക്കണം. തീർത്ഥാടനത്തിനായി മതിയായ സ്ലോട്ടുകൾ തുറന്നിട്ടുണ്ട്. ഹജ്ജ് മന്ത്രാലയവും വിശുദ്ധ മസ്ജിദുകളുടെ ജനറൽ പ്രസിഡൻസിയും സംയുക്തമായാണ് തീയതികൾ തീരുമാനിച്ചത്.
മസ്ജിദുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ നമസ്കാര സമയത്ത് ഇമാമിന്റെയും ആരാധകരുടെയും ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കരുതെന്ന നിർദ്ദേശവും അധികൃതർ മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രാർത്ഥന നടത്തുന്നത് എല്ലാ തരത്തിലുമുള്ള മാധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്യുന്നതും നിരോധനം ഏർപ്പെടുത്തി. പള്ളിയിൽ താമസിക്കുന്നതിന് അംഗീകാരം നൽകാനും അവയിൽ നിയമ ലംഘനങ്ങളൊന്നുമില്ലെന്ന് പരിശോധിക്കാനും അപേക്ഷിക്കുന്നവരുടെ ഡാറ്റ അറിയാനുമുള്ള ഉത്തരവാദിത്തം പള്ളിയിലെ ഇമാമിനാണ്.

