കൊച്ചി: ആഷിക് അബുവിന്റെ ‘നീലവെളിച്ചം’ എന്ന സിനിമയില്‍ എംഎസ് ബാബുരാജിന്റെ ഗാനങ്ങളായ താമസമെന്തേ വരുവാന്‍’, ‘ഏകാന്തതയുടെ അപാരതീരം’ തുടങ്ങിയവ അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ ബാബുരാജിന്റെ കുടുംബം നിയമനടപടിക്ക്.
വിഷയത്തില്‍ നീലവെളിച്ചത്തിന്റെ നിര്‍മ്മാതാവ് കൂടിയായ സംവിധായകന്‍ ആഷിഖ് അബു, സംഗീത സംവിധായകന്‍ ബിജിപാല്‍ എന്നിവര്‍ക്ക് ബാബുരാജിന്റെ കുടുംബം വക്കീല്‍ നോട്ടീസയച്ചു. ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികതയും മാസ്മരികതയും റീമിക്സ് ഗാനങ്ങള്‍ നശിപ്പിക്കുന്നു. അതിനാല്‍ ഈ ഗാനങ്ങള്‍ പിന്‍വലിക്കണം എന്ന് മകന്‍ എംഎസ് ജബ്ബാര്‍ അഭിഭാഷകനായ എന്‍വിപി റഫീഖ് മുഖേന അയച്ച നോട്ടീസില്‍ പറയുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പുസ്തകത്തെ ആസ്പദമാക്കി 1964ല്‍ റിലീസ് ചെയ്ത ‘ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയത് എംഎസ് ബാബുരാജായിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളുമായിരുന്നു. ഭാര്‍ഗവീനിലയത്തിലെ അതേ ഗാനങ്ങള്‍ ‘നീലവെളിച്ചം’ എന്ന പുതിയ ചിത്രത്തിലും അണിയറപ്രവര്‍ത്തകര്‍ ഉപയോഗിക്കുകയായിരുന്നു.

