ദുരിതാശ്വാസ ഫണ്ട് വകമാറ്റി; മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിക്കാൻ ലോകായുക്ത

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസ് പരിഗണിക്കാൻ ലോകായുക്ത. വെള്ളിയാഴ്ച്ചയാണ് കേസ് പരിഗണിക്കുക. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കേസ് ലോകായുക്ത വീണ്ടും പരിഗണിക്കുന്നത്. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തത് വിവാദത്തിന് ഇടയാക്കിയിരുന്നു.

അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം നൽകിയെന്നും, അന്തരിച്ച എംഎൽഎ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്പ അടക്കാനും സ്വർണ്ണ പണയ വായ്പ എടുക്കാനും 8.5 ലക്ഷം നൽകിയെന്നും, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പൊലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകിയെന്നുമാണ് കേസുകൾ. മുഖ്യമന്ത്രിയെയും ഒന്നാം പിണറായി സർക്കാരിലെ എല്ലാ മന്ത്രിമാരെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.

പണം അനുവദിക്കുന്നതിൽ നയപരമായ തീരുമാനമെടുക്കാൻ മന്ത്രിസഭക്ക് അധികാരമുണ്ടെന്നായിരുന്നു കേസിൽ സർക്കാരിന്റ വാദം. എന്നാൽ, വാദത്തിനിടെ ലോകായുക്ത സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ 18നാണ് കോസിൽ വാദം പൂർത്തിയായത്. വിധി പറയാൻ മാറ്റിവെച്ചെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തിനാൽ പരാതിക്കാരനായ ആർ എസ് ശശികുമാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഹൈക്കോടതി ലോകായുക്തയിൽ ഹർജി നൽകാൻ പരാതിക്കാരനോട് നിർദ്ദേശിച്ചു. ഇതിന്റെ അടസ്ഥാനത്തിൽ നൽകിയ ഹർജിയാണ് മറ്റന്നാൾ പരിഗണിക്കുന്നത്.