തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ് തന്നെ. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. എത്രയോ കാലമായി നാട്ടിൽ നിലനിൽക്കുന്ന ഒരു രീതി അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ചു വയസിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാനാണ് തീരുമാനം. രാജ്യത്തിനാകെ മാതൃകയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക. ഫെഡറൽ സംവിധാനത്തിൽ പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്‌കൂൾ വിദ്യാഭ്യാസം കേരളം മുന്നോട്ട് കൊണ്ട് പോകുന്നതെന്നും അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ സ്‌കൂൾ പ്രായത്തിൽ ഉള്ള മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തുന്നു. പഠനത്തുടർച്ച ഉറപ്പാക്കി ഏതാണ്ട് എല്ലാവരും പന്ത്രണ്ടാം ക്ലാസ് വരെ എത്തുന്നു. കൊഴിഞ്ഞുപോക്ക് വളരെ കുറവാണ്. സംസ്ഥാനത്തുള്ള അങ്കണവാടി, പ്രീപ്രൈമറി സംവിധാനങ്ങളും കാര്യക്ഷമമാണ്. പ്രായപരിധി പെട്ടെന്ന് 6 വയസ്സാക്കിയാൽ ആ വർഷം ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ഒരു ലക്ഷത്തിലേറെ കുറവുണ്ടാകും. ഇതു ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

