ഇരിങ്ങാലക്കുട: നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസന്റിന്റെ (75) ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്കരിച്ചു. അദ്ദേഹത്തിന്റെ വസതിയായ പാര്പ്പിടത്തിലെ പൊതുദര്‍ശനത്തിനു ശേഷം ഭൗതികദേഹം പള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനു വച്ച ശേഷം ഭൗതികദേഹം ഇന്നലെ വൈകിട്ടാണ് വിലാപയാത്രയായി ഇരിങ്ങാലക്കുടയിലെ വീട്ടിലേക്കു കൊണ്ടുവന്നത്. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേര് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ടൗണ്‍ ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഞായറാഴ്ച രാത്രി 10.30ന് എറണാകുളം ലേക്ഷോര് ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു.
നൃത്തശാല (1972) ആണ് ഇന്നസെന്റിന്റെ ആദ്യസിനിമ. 700ല്‍ അധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ല്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം (ചിത്രം: മഴവില്‍ക്കാവടി) നേടി. ശ്രദ്ധേയമായ ഏതാനും മലയാള സിനിമകളുടെ നിര്‍മാതാവുമാണ്. 2000 മുതല്‍ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു. 2014ല്‍ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫിന്റെ പി.സി.ചാക്കോയ്ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി അദ്ദേഹം വിജയിച്ചു.

