വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സിപിഎമ്മിന്റെ നിലപാട് ഇതായിരിക്കും: വിശദീകരണവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ പശ്ചാത്തലത്തിൽ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കോൺഗ്രസിനെ എതിർക്കുന്ന നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യ വിരുദ്ധത കോൺഗ്രസിനെതിരെ വരുമ്പോൾ മാത്രമാണ് അവർ പ്രതികരിക്കുന്നത്. ലക്ഷദ്വീപ് എം.പിയെ അയോഗ്യനാക്കിയത് കോൺഗ്രസ് അംഗീകരിക്കുന്നില്ല. എന്നാൽ, ഏത് പാർട്ടി ഏത് നേതാവ് എന്ന് നോക്കിയല്ല സിപിഎം പ്രവർത്തിക്കുന്നത്. മനീഷ് സിസോദിയ, കവിത എന്നിവർക്ക് എതിരായ നിലപാടിൽ കോൺഗ്രസിന് പ്രതിഷേധമില്ല. രാഹുലിന്റെ അയോഗ്യത മാത്രമാണ് അവർക്ക് പ്രശ്‌നം. വയനാട് മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല പിന്തുണയ്ക്കുന്നത്. പക്ഷേ കോൺഗ്രസിന്റെ നിലപാട് ഏകപക്ഷീയമാണെന്നും അദ്ദേഹം വിമർശിച്ചു.

ലോകസഭാ അംഗത്വം റദ്ദാക്കിയ വിഷയത്തിൽ പിന്തുണ നൽകിയത് രാഹുൽഗാന്ധിയെന്ന വ്യക്തിക്കല്ല. ബിജെപി സ്വീകരിച്ച ജനാധിപത്യ വിരുദ്ധ നിലപാടിനോടുള്ള പാർട്ടിയുടെ എതിർപ്പാണ് പ്രകടിപ്പിച്ചത്. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ, മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കവിത എന്നിവർക്കെതിരായ നീക്കങ്ങളും കേന്ദ്ര ഏജൻസികളെ ബിജെപി ദുരുപയോഗിക്കുന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.