കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ സന്തോഷ് ഈപ്പന് കലൂരിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്നും പ്രതിഭാഗം പറഞ്ഞു.
ലൈഫ് മിഷന് പദ്ധതിയില്‍ യു.എ.ഇ കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് കോഴ നല്‍കിയെന്നാണ് ഇ.ഡി ആരോപണം. കേസില്‍ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പന്. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ഭവനപദ്ധതിക്ക് ലൈഫ് മിഷന് കരാര്‍ ലഭിക്കാന്‍ നാലര കോടി കമ്മീഷന് നല്‍കിയെന്ന് സന്തോഷ് ഈപ്പന് വെളിപ്പെടുത്തിയിരുന്നു. ലൈഫ് മിഷന് കോഴക്കേസിലെ രണ്ടാമത്തെ അറസ്റ്റാണ് സന്തോഷ് ഈപ്പന്റേത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആണ് കേസില്‍ ആദ്യം അറസ്റ്റിലായത്
ഫ്ളാറ്റുകള്‍ നിര്‍മ്മിക്കാന്‍ ദുബായിയിലെ റെഡ് ക്രെസന്റ് നല്കിയ 20 കോടി രൂപയില്‍ 4.5 കോടി കോഴയായി നല്‍കിയെന്ന കേസാണ് ഇ.ഡി അന്വേഷിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴപ്പണം ലഭിച്ചതായി മുന്‍ ഉദ്യോഗസ്ഥ സ്വപ്ന സുരേഷും മൊഴി നല്‍കിയിട്ടുണ്ട്. കോഴയുടെ ഭാഗമായി സന്തോഷ് ഈപ്പന് ഒരു ലക്ഷം രൂപയില്‍ അധികം വിലയുള്ള നാലു ഫോണുകള്‍ വാങ്ങി സ്വപ്നയ്ക്കു നല്‍കിയിരുന്നു. ഇതില്‍ ഒരു ഫോണാണു ശിവശങ്കറിന്റെ പക്കല്‍ കസ്റ്റംസ് കണ്ടെത്തിയത്. ഇതിനു പുറമേ കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷും ശിവശങ്കറിന്റെ സ്വകാര്യ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും ഒരുമിച്ചു തുറന്ന ബാങ്ക് ലോക്കറില്‍ കണ്ടെത്തിയ ഒരു കോടി രൂപയും സന്തോഷ് ഈപ്പന് കോഴയായി നല്‍കിയതാണെന്നാണ് ഇഡിയുടെ വിലയിരുത്തല്‍

