തിരുവനന്തപുരം: വേനൽച്ചൂടിനെ നേരിടാൻ തിരുവനന്തപുരം മൃഗശാലയിൽ പക്ഷിമൃഗാദികൾക്ക് പുതിയ ക്രമീകരണം ഒരുക്കി. അനാക്കോണ്ടയുടെ മുറിയിൽ എയർ കണ്ടീഷൻ സ്ഥാപിച്ചതായി മൃഗശാല അധികൃതർ അറിയിച്ചു. കടുവകൾക്ക് കുളിക്കാനായി ഷവറും തയ്യാറാക്കി. മൃഗങ്ങളുടെ ഭക്ഷണ മെനുവിൽ കൂടുതൽ പഴവർഗങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. പക്ഷികളുടെ മെനുവിലും മാറ്റങ്ങൾ വരുത്തി.
പഴങ്ങൾക്കൊപ്പം കൂടുതൽ പച്ചക്കറികളും പക്ഷികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി. കാബേജ്, കാരറ്റ്, പയറുവർഗങ്ങൾ തുടങ്ങിയവയെല്ലാം പക്ഷികളുടെ ഭക്ഷണമെനുവിലുണ്ടാകും. പപ്പായ, മുന്തിരി, ആപ്പിൾ, ഓറഞ്ച് എന്നിവയെല്ലാം ചേർന്ന ഫ്രൂട്ട് സലാഡും പക്ഷികൾക്ക് നൽകുമെന്നും അധികൃതർ അറിയിച്ചു.
മൃഗങ്ങളുടെ ഭക്ഷണമെനുവിൽ നിന്ന് ചിക്കൻ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പകരമായി പോത്തിറച്ചി, മാട്ടിറച്ചി എന്നിവ കൂടുതലായി നൽകണമെന്നാണ് നിർദ്ദേശം. മൃഗശാലയിലെ നോൺ വെജ് ഭക്ഷിക്കുന്ന മൃഗങ്ങൾക്ക് ഒരു ദിവസം 94 കിലോ മാംസമാണ് വാങ്ങുന്നത്. 61 കിലോ മത്സ്യമാണ് മൃഗങ്ങൾക്ക് നൽകാനായി വാങ്ങുന്നത്. വേനൽ ചൂടിനെ പ്രതിരോധിക്കാനായി കരടികൾക്കായി പ്രത്യേക ക്രമീകരണവും ഒരുക്കി. കരടികൾക്ക് രാവിലെയും വൈകിട്ടും കഴിക്കാൻ ഐസ് കഷ്ണങ്ങൾ നൽകുകയും ചെയ്യും. രാവിലെയും ഉച്ചയ്ക്കുശേഷവും കരിടകൾക്ക് ദേഹത്തേക്ക് വെള്ളമടിച്ചു നൽകും. ആപ്പിൾ, മുന്തിരി, വാഴപ്പഴം, വെള്ളരി എന്നിവയാണ് കഴിക്കാനായി നൽകുന്നത്. ഫ്രീസറിൽവെച്ച് തണുപ്പിച്ച തണ്ണിമത്തനാണ് ഹിമക്കരടികൾക്ക് ഭക്ഷണമായി നൽകുന്നത്.

