വാട്‌സാപ്പിലെ ഈ മാറ്റം അറിയാം

വാട്‌സാപ്പിന്റെ വിന്‍ഡോസ് ഡെസ്‌ക്ടോപ് പതിപ്പില്‍ ഇനി വീഡിയോ, ഓഡിയോ കോളുകളും ചെയ്യാന്‍ സൗകര്യമൊരുക്കി കമ്പനി. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പേരെ ഗ്രൂപ്പ് കോളിലേക്ക് ക്ഷണിക്കാം.

മെറ്റയുടെ ബ്ലോഗ് പോസ്റ്റ് പ്രകാരം പുതിയ വാട്‌സാപ് ഡെസ്‌ക്ടോപ്പ് ആപ്ലിക്കേഷനിലൂടെ ഇപ്പോള്‍ എട്ട് പേരുമായി ഗ്രൂപ്പ് വിഡിയോ കോള്‍ ചെയ്യാം. ഒരേസമയം 32 പേരുമായി ഓഡിയോ കോളുകളും ചെയ്യാനാകുമെന്ന് പറയുന്നു. കൂടുതല്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവര്‍ത്തകരുമായും ഒന്നിച്ച് കോള്‍ ചെയ്യാന്‍ കാലക്രമേണ ഈ പരിധികള്‍ വര്‍ധിപ്പിക്കുമെന്നും കമ്ബനി അറിയിച്ചു. വിന്‍ഡോസിനായുള്ള പുതിയ വാട്‌സാപ് ഡെസ്‌ക്ടോപ് ആപ്ലിക്കേഷന് മൊബൈല്‍ പതിപ്പിന് സമാനമായ ഇന്റര്‍ഫേസ് ആണെന്നും മെറ്റാ പറയുന്നു.

കമ്ബനിയുടെ മറ്റ് ആപ്പുകളെ പോലെ തന്നെ ഡെസ്‌ക്ടോപ് ആപ്പിലും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ നല്‍കുന്നത് തുടരുമെന്ന് വാട്‌സാപ് പറയുന്നു. പ്രൈമറി ഫോണ്‍ സ്വിച്ച് ഓഫ് ആണെങ്കിലും വിന്‍ഡോസ് ഡെസ്‌ക്ടോപ് ആപ്പില്‍ മെസേജുകള്‍ ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു വാട്‌സാപ് അക്കൗണ്ടുമായി നാല് ഡിവൈസുകള്‍ വരെ കണക്റ്റ് ചെയ്യാം. പ്രൈമറി ഫോണില്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലെങ്കില്‍ പോലും എല്ലാ ഉപകരണങ്ങളിലും മെസേജുകള്‍ ലഭിക്കും. ആപ്പിളിന്റെ മാക് ഉപയോക്താക്കള്‍ക്കുള്ള വാട്‌സാപ് ഡെസ്‌ക്ടോപ് പതിപ്പ് ബീറ്റ ടെസ്റ്റിങ്ങിലാണ്.