വികസനത്തിന്റെ പേരിൽ സർക്കാർ സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നു; വിമർശനവുമായി ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. വികസനത്തിന്റെ പേരിൽ സർക്കാർ സാധാരണക്കാരെ കുടിയൊഴിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുത്തകകൾക്ക് വേണ്ടി സർക്കാർ സാധാരണക്കാരെ കുടിയിറക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുരിശിന്റെ വഴി ചടങ്ങിന് ശേഷം വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിലാണ് ആർച്ച് ബിഷപ്പിന്റെ പ്രതികരണം.

വിഴിഞ്ഞം സമരത്തിന്റെ സമയത്ത് സാധാരണക്കാർ ഭവനരഹിതരായി. ഇവർക്ക് ഗോഡൗണുകളിൽ കഴിയേണ്ട സാഹചര്യം ഉണ്ടായി. കുത്തക മുതലാളിമാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനം പരമ്പരാഗത തൊഴിലിനും ഉപജീവനത്തിനും തടസമായി തീരുന്നതിനും കുടിയേറ്റത്തിനും കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് പലതവണയും ലത്തീൻ അതിരൂപത സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. വിഴിഞ്ഞത്ത് മാസങ്ങളോളം സഭ സമരവും നടത്തിയിരുന്നു.