ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ പോരാടാൻ തീരുമാനിച്ച് കോൺഗ്രസ്. ഞായർ രാവിലെ 10ന് രാജ്ഘട്ടിൽ സത്യാഗ്രഹം നടത്താൻ കോൺഗ്രസ് തീരുമാനിച്ചു. പ്രതിപക്ഷ ഐക്യം തുടരുമെന്നാണ് പ്രതീക്ഷയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
അപകീർത്തി കേസിൽ കോടതി രണ്ടുവർഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കിയത്. ലോക്സഭാ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കോടതി ഉത്തരവ് പുറത്തുവന്ന വ്യാഴാഴ്ച മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയത്.
മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവും 15,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്. അപ്പീൽ നൽകാൻ 30 ദിവസത്തേക്കു ശിക്ഷ സ്റ്റേ ചെയ്തിരുന്നു. കോടതി വിധിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ് തയ്യാറെടുക്കുന്നതിനിടെയാണ് രാഹുലിനെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയത്.

