നിർമ്മാണ ചെലവ് 645 കോടി; രാജ്യത്തെ ആദ്യ പൊതുഗതാഗത റോപ്പ് വേയ്ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി

വാരണാസി: രാജ്യത്തെ ആദ്യ പൊതുഗതാഗത റോപ്പ് വേയ്ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാശിയിലാമ് പ്രധാനമന്ത്രി റോപ്പ് വേയ്ക്ക് തറക്കല്ലിട്ടത്. 645 കോടി രൂപയാണ് റോപ്പ് വേയുടെ നിർമ്മാണ ചെലവ്. സമ്പൂർണാനന്ദ സംസ്‌കൃത സർവകലാശാല ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ 1,780 കോടി രൂപയുടെ പദ്ധതികൾ അദ്ദേഹം നാടിന് സമർപ്പിക്കുകയും ചെയ്തു.

വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും വാരണാസിയിലെ താമസക്കാർക്കും സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റോപ്പ് വേ പദ്ധതി ആരംഭിക്കുന്നത്. 3.75 കിലോമീറ്റർ അകലത്തിലുള്ള വാരണാസി കാന്റ് സ്റ്റേഷനും ഗോഡോവ്ലിയ റോപ്പ് വേയ്ക്കുമിടയിൽ അഞ്ച് സ്റ്റേഷനുകൾ ഉണ്ടാകും. കാശിയിലെ കാന്റിൽ നിന്ന് ഗോഡോവ്‌ലിയ വരെയാകും ആദ്യ ഘട്ടത്തിൽ ഇത് പ്രവർത്തിക്കുക. കാശി വിശ്വനാഥ ക്ഷേത്രം, ദശാശ്വമേധ് ഘട്ട് എന്നിവിടങ്ങളിലേക്ക് പിന്നീട് പദ്ധതി വ്യാപിപ്പിക്കും.

പർവത്മാല പരിയോജനയ്ക്ക് കീഴിലുള്ള ആദ്യത്തെ നഗര റോപ്പ് വേ പദ്ധതിയാണിത്. ഒരു യാത്രയിൽ 3000 പേർക്ക് സഞ്ചരിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. 10 യാത്രക്കാരെ വീതം വഹിക്കുന്ന 153 കാബിനുകളാണ് ഇതിലുള്ളത്. ദിവസത്തിൽ 16 മണിക്കൂർ റോപ്പ് വേ പ്രവർത്തിക്കും. കാന്റ് സ്റ്റേഷനിൽ നിന്ന് ഗുഡൗലിയയിലേക്കെത്താൻ ഇപ്പോൾ കുറഞ്ഞത് 45 മിനിട്ടെങ്കിലും വേണ്ടി വരും. റോപ്പ് വേ പദ്ധതി വന്നാൽ ഇവിടേക്കുള്ള ദൂരം വെറും 16 മിനിട്ട് മാത്രമാകും.