ന്യൂഡൽഹി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവു ശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാക്കൾ. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് ഈ കേസിനു പിന്നിലെന്നാണ് ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജ്രിവാളിന്റെ ആരോപണം. പ്രതിപക്ഷ നേതാക്കളെയും പാർട്ടികളെയും ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി ഇതര പാർട്ടികളുടെ നേതാക്കന്മാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഗൂഢാലോചനയുണ്ട്. തനിക്ക് രാഹുൽ ഗാന്ധിയുമായി അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ അദ്ദേഹത്തെ അപകീർത്തിക്കേസിൽ കുടുക്കുക എന്നത് ശരിയല്ല. കോടതിയെ ബഹുമാനിക്കുന്നു. എന്നാൽ വിധിയെ അംഗീകരിക്കുന്നില്ലെന്ന് അ്‌ദേഹം അഭിപ്രായപ്പെട്ടു.
സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങും രംഗത്തെത്തി. ഇത് ആശങ്കക്ക് വഴിവെക്കുന്ന വിധിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ മോദി എന്ന കുലനാമം ഉച്ഛരിച്ചാൽ പോലും അത് അപകീർത്തിക്കേസിന് വിഷയമാകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗുജറാത്തിലെ സൂറത്തിലുള്ള കോടതിയാണ് രാഹുലിന് രണ്ടു വർഷം തടവു ശിക്ഷ വിധിച്ചത്. മോദി എന്ന സർനെയിം സംബന്ധിച്ച് രാഹുൽ ഗാന്ധി ഒരു പ്രസംഗത്തിനിടെ നടത്തിയ പരാമർശമാണ് കേസിനാധാരം. കേസിൽ ശിക്ഷ വിധിച്ചെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം നൽകുകയും അപ്പീലിന് അവസരം ഒരുക്കുകയും ചെയ്തിട്ടുണ്ട്.
കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശമാണ് കേസിന് അടിസ്ഥാനമായ സംഭവം. ശിക്ഷ വിധിച്ചതിന് പിന്നാലെ കോടതി രാഹുലിന് ജാമ്യം അനുവദിക്കുകയും ചെയ്തു. അപ്പീൽ നൽകാൻ 30 ദിവസം സമയമാണ് രാഹുലിന് അനുവദിച്ചിട്ടുള്ളത്.

