കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല; നാടു വിടുന്നുവെന്നും തിരുവനന്തപുരത്ത് ആക്രമിക്കപ്പെട്ട സ്ത്രീ

തിരുവനന്തപുരം: പാറ്റൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വീട്ടമ്മ(49) ആക്രമിക്കപ്പെട്ട സംഭവത്തില്‍ 110 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇനിയും പ്രതികളെ കണ്ടെത്താനായില്ല. പ്രതി സഞ്ചരിച്ച ബൈക്ക് വേഗത്തില്‍ പോകുന്നതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് നമ്പറും വ്യക്തമല്ല. പ്രതി ഹെല്‍മറ്റ് ധരിച്ചിരുന്നു. മെഡിക്കല്‍ കോളജ് വരെയുള്ള സ്ഥാപനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ അഞ്ച് സംഘമായി തിരിഞ്ഞ് പരിശോധിക്കുകയാണ് പൊലീസ്.

അതേസമയം, ലഹരി ഉപയോഗം വര്‍ധിതോടെ കേരളം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാതായെന്നും നാടു വിട്ട് ഡല്‍ഹിയിലേക്കു പോകാനൊരുങ്ങുകയാണെന്നും ആക്രമണത്തിനിരയായ സ്ത്രീ പറഞ്ഞു. ‘കേരളം സുരക്ഷിതമല്ല. ആറു മണി കഴിഞ്ഞാല്‍ സ്ത്രീകള്‍ക്കു ഒറ്റയ്ക്കു വീട്ടിനു പുറത്തിറങ്ങാന്‍ കഴിയില്ല. ഞാന്‍ ഈ നാടു വിട്ടു പോവുകയാണ്. എന്നെ ആക്രമിച്ചപ്പോള്‍ പ്രതികരിച്ചത് അക്രമിക്ക് ഇഷ്ടമായില്ല. അതുകൊണ്ടാണ് തല പിടിച്ച് മതിലില്‍ ഇടിച്ചത്’ – ആക്രമിക്കപ്പെട്ട സ്ത്രീ പറഞ്ഞു.

കഴിഞ്ഞ 13ന് രാത്രി 11 മണിക്ക് മരുന്നു വാങ്ങാനിറങ്ങിയ വീട്ടമ്മ വീടിനു സമീപം വെച്ച് ആക്രമിക്കപ്പെടുകയായിരുന്നു. സംഭവം പൊലീസില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. നിരുത്തരവാദപരമായി പെരുമാറിയ രണ്ട് ഉദ്യോഗസ്ഥരെ എട്ടാം ദിവസമാണ് സസ്‌പെന്‍ഡ് ചെയ്തത്.