ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ ഉണ്ടായ ഖലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്കുള്ള സുരക്ഷ പിന്‍വലിച്ച് ഇന്ത്യ. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഹൈക്കമ്മീഷണറുടെ അലക്സ് എല്ലിസിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലെ പൊലീസ് ബാരിക്കേഡുകള്‍ നീക്കം ചെയ്തിട്ടുണ്ട്.
ശാന്തിപഥിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ ഗേറ്റിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ബങ്കറുകളും ഡല്‍ഹി പൊലീസ് സ്ഥലത്ത് നിന്ന് നീക്കം ചെയ്തു. റോഡ് ഡൈവേര്‍ട്ടര്‍, സ്പീഡ് ബ്രേക്കര്‍, മണല്‍ ചാക്കുകള്‍ കൊണ്ട് നിര്‍മ്മിച്ച ബങ്കറുകള്‍, പിസിആര്‍ വാനുകള്‍, ലോക്കല്‍ പൊലീസ് സുരക്ഷ എന്നിവയാണ് നീക്കിയത്.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് ഞായറാഴ്ച ഖാലിസ്ഥാനി അനുകൂലികള്‍ ആക്രമിച്ചപ്പോള്‍ യുകെ സര്‍ക്കാര്‍ സുരക്ഷ ഒരുക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ നീക്കം.

