കൊച്ചി: ഏകീകൃത കുർബാന സംബന്ധിച്ച തർക്കത്തിൽ സർക്കാർ മധ്യസ്ഥത വഹിക്കണമെന്ന ഹർജി നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സിറോ മലബാർ സഭ. സംസ്ഥാന സർക്കാരിനോ, ചീഫ് സെക്രട്ടറിക്കോ സഭയിലെ തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കേണ്ട നിയമപരമായ ചുമതലയില്ലെന്ന് സഭ വ്യക്തമാക്കി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതാണ് ഏകീകൃത കുർബാന. ഈ തീരുമാനം നടപ്പാക്കാത്തത് എറണാകുളം – അങ്കമാലി അതിരൂപതയിലെ ചില ഇടവകകൾ മാത്രമാണ്. വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനപ്രകാരം സഭയ്ക്കുണ്ട്. മധ്യസ്ഥ ശ്രമത്തിന് സർക്കാരിനെയും ഹർജിയിലെ കക്ഷികളെയും കോടതി നിർബന്ധിക്കരുതെന്നും സഭ കോടതിയിൽ ആവശ്യപ്പെട്ടു.
അതേസമയം, ക്രമസമാധാനം നിലനിർത്തുന്നതിനുള്ള സർക്കാരിന്റെ നടപടികളോട് സഭയ്ക്ക് എതിർപ്പില്ലെന്നും സത്യവാങ്മൂലത്തിൽ വിശദമാക്കുന്നുണ്ട്.

