ന്യൂഡൽഹി: എൻസിആർ മേഖലയിൽ ഉൾപ്പെടെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം. ഡൽഹി, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭൂചലനം അനുഭവപ്പെട്ടതോടെ പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും ഇറങ്ങിയോടിയെന്നാണ് പുറത്തു വരുന്ന വിവരം. വീട്ടിലെ ഗൃഹോപകരണങ്ങളും മറ്റും ചലിക്കുന്ന ദൃശ്യങ്ങളും ആളുകൾ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലും തീവ്രഭൂചലനം രേഖപ്പെടുത്തി. അഫ്ഗാനിലെ ഹിന്ദുകുഷ് മേഖലയിലാണ് ഉണ്ടായത്. വടക്കേന്ത്യയിലെ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ടത് അഫ്ഗാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണെന്നാണ് വിവരം. താജിക്കിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാക്കിസ്ഥാനിൽ ഭൂചലനത്തെ തുടർന്ന് രണ്ടു പേർ മരണപ്പെട്ടുവെന്നും ആറു പേർക്ക് പരിക്കേറ്റുവെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഇതിനിടെ ഷകർപൂർ മേഖലയിൽ കെട്ടിടം ചരിഞ്ഞതായി വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ കെട്ടിടം പരിശോധിച്ചു, കെട്ടിടം ചരിഞ്ഞിട്ടില്ലെന്നും സുരക്ഷിതമാണെന്നും പരിശോധനയിൽ കണ്ടെത്തി.

