ന്യൂഡൽഹി: കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ കേരള ഹൈക്കോടതി വിധിച്ച ശിക്ഷ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പന്ത്രണ്ടാം പ്രതി കളമശേരി സ്വദേശി ഫിറോസ് നൽകിയ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ച് സുപ്രീം കോടതി. അടുത്ത മാസം പത്തിലേക്കാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹർജിയുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ ഹാജരാക്കാൻ ജസ്റ്റിസ് എം ആർ ഷാ , ജസ്റ്റിസ് സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
മുതിർന്ന അഭിഭാഷകൻ കൃഷ്ണൻ വേണുഗോപാൽ, അഭിഭാഷകരായ സുവിദത്ത് സുന്ദരം, ബോസ്കോ കെ ടി, രോഹിത്ത് ആർ എന്നിവരാണ് ഹർജിക്കാരന് വേണ്ടി ഹാജരായത്. തീവ്രവാദ റിക്രൂട്ട്മെന്റിൽ ഫിറോസിന് പങ്കില്ലെന്നും നിരാപരാധിയാണെന്നും ഇവർ കോടതിയിൽ വാദിച്ചു. ദേശീയ അന്വേഷണ ഏജൻസി തന്നെ കേസിൽ പ്രതി ചേർത്തത് വ്യക്തമായ തെളിവില്ലാതെയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
തടയിന്റവിട നസീർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ 2008ൽ പാക് ഭീകര സംഘടനയായ ലഷ്കർ ഇ തയ്ബയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്നായിരുന്നു കേസ്. പത്ത് പ്രതികൾക്ക് കേസിൽ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും മൂന്ന് പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

