ബി ജെ പി ആയാലും കര്‍ഷകരെ പരിഗണിക്കുമോ എന്നതാണ് പ്രാധാന്യം: താമരശ്ശേരി ബിഷപ്പ്‌

കോഴിക്കോട്: കര്‍ഷകരെ പിന്തുണയ്ക്കുകയും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന ഏത് രാഷ്ട്രീയപാര്‍ട്ടിക്കും പൂര്‍ണപിന്തുണ നല്‍കുമെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.

ബിഷപ്പിന്റെ വാക്കുകള്‍

‘ബി ജെ പി ആയാലും കര്‍ഷകരെ പരിഗണിക്കുമോ എന്നതാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. മാറി മാറി വന്ന കോണ്‍ഗ്രസ്, സി പി എം ഭരണകൂടങ്ങളില്‍ നിന്ന് എല്ലാ തരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായത്. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് പലതവണയായി ആവശ്യപ്പെട്ടതിനൊടുവിലായിരുന്നു. എന്നാല്‍, മറ്റെന്തോ സമ്മര്‍ദ്ദം കാരണം മുഖ്യമന്ത്രി ആ വകുപ്പ് മറ്റൊരാള്‍ക്ക് കൈമാറി. ഇതില്‍ എതിര്‍പ്പുണ്ട്. ഞങ്ങള്‍ക്ക് അത് വലിയൊരു പ്രശ്‌നമാണ്. കര്‍ഷകര്‍ ഒരു വലിയ സംഘടിത ശക്തിയല്ലാത്തത് കൊണ്ട് അവരെ ഒരു സര്‍ക്കാരിനും വേണ്ട. എല്ലാം നഷ്ടപ്പെട്ട കര്‍ഷകനെ പിന്തുണയ്ക്കുക എന്നത് തന്നെയാണ് തീരുമാനം. റബ്ബര്‍ ഇറക്കുമതി ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടും അത് പരിഗണിച്ചില്ല. റബ്ബര്‍ കര്‍ഷകന് ആശ്വാസമായിരുന്ന സബ് സി ഡി എടുത്ത് മാറ്റി. റബ്ബര്‍ ബോര്‍ഡിന് എല്ലാ അധികാരങ്ങളും ഇല്ലാതാക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. നെല്ലും നാളികേരവും സംഭരിക്കലല്ലാതെ കൃത്യസമയത്ത് അതിന്റെ വില കര്‍ഷകന് നല്‍കാനുള്ള നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല.
പ്രസംഗങ്ങളിലും പുസ്തകങ്ങളിലും കര്‍ഷകനെ വാഴ്ത്തുന്നവരാണ് ഇരുവിഭാഗം രാഷ്ട്രീയക്കാരും. എന്നാല്‍ ഇതൊന്നും പ്രാവര്‍ത്തികമാവുന്നില്ല. എത്രയോ നെല്‍കര്‍ഷകര്‍ സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാട് കൊണ്ട് കൃഷി അവസാനിപ്പിച്ചു. മലയോര മേഖലയുടെ പേടിസ്വപ്നമായ വന്യമൃഗ ആക്രമങ്ങളില്‍ പോലും നാളിതുവരെയായി സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടിട്ടില്ല. ആനയും കടുവയും എപ്പോള്‍ കൊല്ലുമെന്ന് പേടിച്ചിരിക്കുമ്പോളാണ് ബഫര്‍ സോണ്‍ കൊണ്ടുവന്ന് കര്‍ഷകരെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കുന്നത്. എത്രയോ സമരങ്ങള്‍ പാവപ്പെട്ട കര്‍ഷകര്‍ ഈ കാലയളവില്‍ നടത്തി പക്ഷെ ഒരു പ്രശ്‌നം പോലും പരിഗണിക്കപ്പെടുകയോ പരിഹരിക്കപ്പെടുകയോ ഉണ്ടായില്ല. അതിനാല്‍ തന്നെ കര്‍ഷകരുടെ പ്രശ്‌നങ്ങളെ ഏറ്റെടുത്ത് കൂടെ നില്‍ക്കുന്നവരെ പാര്‍ട്ടി നോക്കാതെ പിന്തുണക്കുന്നതാണ് നിലവിലെ സാഹചര്യത്തില്‍ ചെയ്യാനുദ്ദശിക്കുന്നത്.’