ബംഗളൂരു: കർണാടകയിൽ അധികാരം പിടിച്ചെടുക്കാൻ പുതിയ പ്രഖ്യാപനങ്ങൾ നടത്തി കോൺഗ്രസ്. കർണാടകയിൽ തൊഴിൽ രഹിതരായ 10 ലക്ഷം യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ കോൺഗ്രസ് ഉറപ്പ് നൽകുന്നുവെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ബെലഗാവിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
സംസ്ഥാനത്ത് തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കൾക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് 1500 രൂപയും പ്രതിമാസം വേതനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തേക്ക് വേതനമുണ്ടാകും. കർണാടക സർക്കാരിനെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് കർണാടകയിലേതെന്നാണ് രാഹുലിന്റെ പരാമർശം.
പാർട്ടിയിലെ നേതാക്കൾ ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടും. കോൺഗ്രസിന് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയും രാഹുൽ മുന്നോട്ടുവെച്ചു.

