വീട്ടമ്മമാർക്കുള്ള പെൻഷൻ പദ്ധതി നടപ്പാക്കും; അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിൽ വൈകാതെ വീട്ടമ്മമാർക്കുള്ള പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പദ്ധതി ഇപ്പോൾ നടപ്പാക്കാത്തത് സാമ്പത്തിക പ്രതിസന്ധി കാരണമാണ്. പെൻഷന്റെ പണമല്ല പ്രശ്‌നമെന്നും അംഗീകാരം ആണെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷത്തിനെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷം വ്യക്തിപരമായി ആക്രമിക്കുകയാണ്. മൂന്നാംതവണയും പിണറായി സർക്കാർ അധികാരത്തിൽ വരാതിരിക്കാനാണ് വികസന പ്രവർത്തനങ്ങളെയെല്ലാം യുഡിഎഫ് തടയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മൂന്നുവർഷം കൊണ്ട് കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി മാറും. കേരളം ദത്തെടുക്കുന്നത് അംബാനിയെയോ അദാനിയെയോ അല്ലെന്നും ദരിദ്രകുടുംബങ്ങളെ ആണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്ക് എതിരായ വിമർശനങ്ങൾ മൈൻഡ് ചെയ്തിട്ടില്ല. ജനങ്ങൾക്ക് ഒപ്പം നിന്ന് മുന്നോട്ടു പോയി. ജനങ്ങളും മൈൻഡ് ചെയ്തിട്ടില്ലെന്നും അല്ലെങ്കിൽ അവർ വരുമോയെന്നും അദ്ദേഹം ചോദിക്കുന്നു.