സച്ചിൻ ദേവിന്റെ പോസ്റ്റ് അങ്ങേയറ്റം മോശം; സാമൂഹിക മാധ്യമങ്ങളിൽ മോശക്കാരിയാക്കി തീർത്തുവെന്ന് കെ കെ രമ

തിരുവനന്തപുരം: സച്ചിന്റെ ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി കെ കെ രമ എംഎൽഎ. സച്ചിൻ ദേവിന്റെ പോസ്റ്റ് അങ്ങേയറ്റം മോശമാണെന്ന് കെ കെ രമ എംഎൽഎ വ്യക്തമാക്കി. എംഎൽഎ എന്ന നിലയിൽ വസ്തുതാപരമല്ലാത്ത പോസ്റ്റ് ഇട്ടത് സാമൂഹിക മാധ്യമങ്ങളിൽ മോശക്കാരിയാക്കി തീർത്തുവെന്നും അതിനാലാണ് താൻ പരാതി നൽകിയതെന്നും രമ വ്യക്തമാക്കി.

തന്റെ പരിക്ക് വ്യാജമാണെന്ന് പറയുന്നവർ സർക്കാരിനെ തന്നെ തള്ളിപ്പറയുന്നു. സർക്കാർ ആശുപത്രിയിൽ ആണ് താൻ ചികിത്സ തേടിയത്. രോഗി പറയുന്നത് പോലെ അല്ല അവിടെ ചികിത്സ നടത്തുന്നതെന്നും രമ ചൂണ്ടിക്കാട്ടി. താൻ ബാൻഡേജ് പോരെ എന്ന് ചോദിച്ചപ്പോൾ പ്ലാസ്റ്റർ ഇടണം എന്ന് നിർദേശിച്ചത് ഡോക്ടറാണ്. ആ പ്രസ്താവനയിലൂടെ തന്നെയല്ല, മറിച്ച് സർക്കാർ സംവിധാനത്തെയാണ് ഗോവിന്ദൻ മാഷ് തള്ളിപ്പറഞ്ഞതെന്നും രമ കുറ്റപ്പെടുത്തി.

വ്യത്യസ്ത സമയങ്ങളിൽ എടുത്ത ഫോട്ടോകൾ തെറ്റായി കൊടുത്തായിരുന്നു തനിക്കെതിരെയുള്ള പ്രചാരണം. ക്രൂരമായ അധിക്ഷേപങ്ങളാണ് ആ പ്രചാരണത്തെ തുടർന്ന് സൈബർ ഇടങ്ങൾ നിന്ന് തനിക്ക് നേരിടേണ്ടി വന്നത്. ഒരു എംഎൽഎ എന്ന നിലയിൽ പോസ്റ്റുകൾ ഇടുന്നത് വസ്തുതാപരമായിരിക്കണം. കാരണം, അത് കാണുന്നവർ വിശ്വസിക്കും. അതിനാൽ ആ പോസ്റ്റ് സമൂഹത്തിൽ തന്നെ മോശക്കാരിയാക്കി ചിത്രീകരിച്ചുവെന്നും രമ കൂട്ടിച്ചേർത്തു.