പരിക്കില്ലാത്ത കൈക്കാണ് കെ കെ രമ പ്ലാസ്റ്റർ ഇട്ടത്; വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: കെ കെ രമ എംഎൽഎക്കെതിരെ ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരിക്കില്ലാത്ത കൈക്കാണ് കെ കെ രമ പ്ലാസ്റ്റർ ഇട്ടതെന്ന് അദ്ദേഹം പറഞ്ഞു. പൊട്ടിയ കൈ ആളുകളെ പ്രകോപിപ്പിക്കാൻ ഉപയോഗിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൈക്ക് പരിക്കുള്ളതും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റാൻ പാടില്ലാത്തതാണ്. പൊട്ടലില്ലാത്ത കൈക്കാണ് പ്ലാസ്റ്റർ ഇട്ടത് എന്ന കാര്യം പുറത്ത് വന്ന വിവരമാണ്. പൊട്ടലും പൊട്ടലില്ലായ്മയും യഥാർഥത്തിൽ രാഷ്ട്രീയമായി മാറ്റാൻ പാടില്ലാത്തതാണ്. അതിന്റെ ഉപകരണമായി, പൊട്ടിയ കൈ എന്ന് പറഞ്ഞ് ആളുകളെ പ്രകോപിപ്പിക്കാൻ വേണ്ടിയുള്ള നിലപാടാണ് അത്തരത്തിൽ ചെയ്യുമ്പോൾ ഉണ്ടാവുന്ന പ്രശ്നം. അത് ശരിയായ സമീപനമല്ല. പൊട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കാൻ ആധുനിക സമൂഹത്തിന് എല്ലാ സൗകര്യവും ഉണ്ടല്ലോ. അപ്പോൾ അവിടെ കളവൊന്നും പറയേണ്ട കാര്യമില്ലെന്നും സത്യസന്ധമായി തന്നെ പറഞ്ഞാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധ ജാഥയുടെ സമാപനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.