ആറു ദിവസം മുൻപ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി. ആറ് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവ്വഹിച്ച പാതയാണിത്. ബെംഗളൂരുവിലെ രാമനഗര ജില്ലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി പെയ്ത മഴയിലാണ് പാത വെള്ളക്കെട്ടിൽ മുങ്ങിയത്.

8480 കോടി രൂപ ചെലവിട്ടാണ് ഹൈവേ റോഡ് നിർമ്മിച്ചത്. ഹൈവേയുടെ അടിപ്പാലത്തിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് അപകടങ്ങളും ഗതാഗതക്കുരുക്കും രൂപപ്പെടുകയായിരുന്നു. സംഭവത്തിൽ വലിയ പ്രതിഷേധവും വിമർശനങ്ങളും ഉയരുകയാണ്. യാത്രക്കാർ ഉൾപ്പെടെയുള്ളവരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

തന്റെ കാർ വെള്ളക്കാട്ടിൽ പാതി മുങ്ങിയതോടെ ഓഫ് ആയെന്നും തുടർന്ന് പിന്നിലുണ്ടായിരുന്ന ലോറി കാറിലിടിച്ചുവെന്നും ഒരു യാത്രക്കാരൻ പറഞ്ഞു. ആരാണ് ഇതിന് ഉത്തരവാദിയെന്ന് അദ്ദേഹം ചോദിക്കുന്നു. തന്റെ കാർ നന്നാക്കിതരാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് അഭ്യർത്ഥിക്കുകയാണ്. പ്രധാനമന്ത്രി ഹൈവേ ഉദ്ഘാടനം ചെയ്തു. എന്നാൽ ആ റോഡ് അദ്ദേഹം പരിശോധിച്ചിരുന്നോായെന്നും ഉദ്ഘാടനത്തിന് തയാറായതാണോ എന്ന് ഗതാഗത മന്ത്രാലയം പരിശോധിച്ചോയെന്നും വികാസ് എന്ന യാത്രക്കാരൻ ചോദിച്ചു. അതേസമയം, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങളിലെത്തി പരിശോധന നടത്തി.