ബര്‍ലിന്‍: പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി). യുക്രൈന്-റഷ്യ യുദ്ധത്തിനിടെ റഷ്യ നടത്തിയ കുറ്റങ്ങളുടെ പേരിലാണ് നടപടി.
അനധികൃതമായി കുട്ടികളെ യുക്രൈനില്‍ നിന്നു റഷ്യയിലേക്ക് കടത്തിയതിനാണ് പുടിനെതിരെ വാറന്റ്. എന്നാല്‍, നടപടി തെറ്റാണെന്നും കുട്ടികളെ യുദ്ധമുഖത്തു നിന്നും സുരക്ഷിതമായി മോസ്കോയിലേക്ക് മാറ്റിയ പദ്ധതിയെ ഐസിസി തെറ്റിധരിച്ചതാണെന്നുമാണ് റഷ്യ വ്യക്തമാക്കുന്നത്.
അതേസമയം, വാറന്റ് മൂലം നിലവില്‍ പുടിന് നടപടികളൊന്നും നേരിടേണ്ടി വരില്ലെങ്കിലും ഐസിസി അംഗത്വമുള്ള രാജ്യങ്ങളിലേക്ക് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടും. തുടര്‍ന്ന് ഹേഗില്‍ കോടതിയില്‍ പുടിനെ ഹാജരാക്കി വിചാരണ നടത്തും. ഏതെങ്കിലും രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലിരിക്കെ ഐസിസിയുടെ അറസ്റ്റ് വാറന്റ് ലഭിക്കുന്ന മൂന്നാമത്തെ മാത്രം വ്യക്തിയാണ് പുടിന്. സുഡാന് മുന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍, ലിബിയന്‍ മുന്‍ ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫി എന്നിവരാണ് പുടിന് മുമ്പ് നടപടി നേരിട്ടവര്‍.

