തിരുവനന്തപുരം ലോ കോളജിലുണ്ടായ സംഘർഷം; അൻപതിലധികം എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. കണ്ടാലറിയാവുന്ന അൻപതിലധികം എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. അസിസ്റ്റന്റ് പ്രഫസർ വി കെ സഞ്ജുവാണ് എസ്എഫ്‌ഐ നേതാക്കൾക്കെതിരെ പരാതി നൽകിയത്.

ദേഹോപദ്രവം, തടഞ്ഞുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. ലോ കോളേജിലെ അധ്യാപകരെ വ്യാഴാഴ്ച രാത്രി അധ്യാപകരെ പത്തു മണിക്കൂറോളം എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞുവെച്ചിരുന്നു.

അതേസമയം, കെഎസ്യുവിന്റെ കൊടിമരം നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് 24 എസ്എഫ്‌ഐ പ്രവർത്തകരെ കോളജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണം. ഇതിൽ പ്രതിഷേധിച്ച് 21 അധ്യാപകരെ എസ്എഫ്‌ഐ പ്രവർത്തകർ മുറിയിൽ പൂട്ടിയിടുകയും വൈദ്യുതിബന്ധം വിചേഛദിക്കുകയുമായിരുന്നു.