രാഹുല്‍ അല്ല മാപ്പ് പറയേണ്ടത്, മോദിയാണ്: ശശി തരൂര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് യുകെ സന്ദര്‍ശന വേളയില്‍ നടത്തിയ പരാമര്‍ശത്തിന് രാഹുല്‍ ഗാന്ധി മാപ്പ് പറയേണ്ടതില്ലെന്ന് ശശി തരൂര്‍ എം.പി. ഡല്‍ഹിയില്‍ ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബിജെപിയുടെ കാര്യത്തില്‍ എനിക്ക് ഉറപ്പായും പറയാന്‍ കഴിയും. അവര്‍ രാഷ്ട്രീയത്തില്‍ അതിസമര്‍ഥരാണ്. രാഹുല്‍ ഗാന്ധി ഒരിക്കലും പറയാത്ത കാര്യത്തിനാണ് അവരിപ്പോള്‍ കുറ്റപ്പെടുത്തുന്നത്. രാഹുല്‍ ഗാന്ധി ഇന്ത്യ വിരുദ്ധമായി ഒന്നും സംസാരിച്ചിട്ടില്ല. അദ്ദേഹം മാപ്പു പറയുന്ന പ്രശ്നമേയില്ല. രാഷ്ട്രീയം പറയുന്നതിന്റെ പേരില്‍ ആരെങ്കിലും മാപ്പു പറയണം എന്നാണെങ്കില്‍, വിദേശ മണ്ണില്‍ സംസാരിക്കുന്ന മോദിയാണ് ആദ്യം മാപ്പു പറയേണ്ടത്. ബിജെപി രാഷ്ട്രീയത്തില്‍ അതിസമര്‍ഥരാണെന്നും തരൂര്‍ പറഞ്ഞു. ആ സമര്‍ഥ്യം കണ്ടില്ലെന്ന് നടിക്കാനാകില്ല’- തരൂര്‍ വ്യക്തമാക്കി.

അതേസമയം, ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാക്കള്‍ നിശബ്ദരാക്കപ്പെടുകയാണെന്നാണ് ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ പരിപാടിയില്‍ ലണ്ടനില്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇത് അവകാശ ലംഘനത്തിന് ഉപരിയായ കുറ്റമെന്നാണ് ബിജെപിയുടെ ആരോപണം. മാപ്പ് പറയാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ലോക്സഭാ സ്പീക്കറിന് കത്ത് നല്‍കി.