പത്തനംതിട്ട: ചൂട് കൂടിവരുന്ന സാഹചര്യത്തിൽ ഉണ്ടാകാൻ ഇടയുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കെതിരെ പ്രത്യേക ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.എൽ അനിതകുമാരി അറിയിച്ചു. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞി വെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആവശ്യമെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടേണ്ടതുമാണ്.
ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർക്കുന്ന ഹീറ്റ് റാഷ് അഥവാ ചൂടുകുരു ഉണ്ടാകാൻ സാധ്യതയുണ്ട്. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീര ഭാഗങ്ങൾ ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം. അമിതമായ വിയർപ്പ്, കഠിനമായ ക്ഷീണം, തലവേദന, തലകറക്കം, പേശിവലിവ്, ഓക്കാനം, ഛർദ്ദി തുടങ്ങിയവ താപ ശോഷണത്തിന്റെ പ്രാരംഭലക്ഷണങ്ങളാണ്. വിയർപ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നതുകൊണ്ടാണിത്. അന്തരീക്ഷ താപം ഒരു പരിധിയിൽ കൂടുകയോ, കഠിനമായ വെയിൽ നേരിട്ട് ഏൽക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സൂര്യാഘാതം. ശക്തി കുറഞ്ഞും വേഗതയിലുമുള്ള നാഡിമിടിപ്പ്, ശക്തമായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, ബോധക്ഷയം എന്നിവ സൂര്യാഘാതം മൂലമുണ്ടാകാം.

