സഹകരണ സംഘങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരണം; പാര്‍ലമെന്റ് സമിതിയുടെ ശുപാര്‍ശ

ന്യൂഡല്‍ഹി: രാജ്യത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ എല്ലാ സഹകരണ സംഘങ്ങളെയും കൊണ്ടുവരുന്നതു പരിശോധിക്കണമെന്ന് ശുപാര്‍ശ ചെയ്ത് പാര്‍ലമെന്റ് സ്ഥിരം സമിതി. ഇവയുടെ പ്രവര്‍ത്തനം നീതിയുക്തവും സുതാര്യവുമല്ലെന്ന് പി.സി.ഗഡ്ഡിഗൗഡര്‍ അധ്യക്ഷനായ സമിതി വിലയിരുത്തി.

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കു മാത്രമാണു ഇപ്പോള്‍ ആര്‍ടിഐ ബാധകമായിട്ടുള്ളത്. ശുപാര്‍ശ അംഗീകരിച്ചാല്‍ കേരള ബാങ്ക് അടക്കമുള്ള സഹകരണസംഘങ്ങള്‍ വിവരങ്ങള്‍ നല്‍കേണ്ടി വരും. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള വിഷയമായതിനാല്‍ ശുപാര്‍ശ സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുക്കുമെന്നു കേന്ദ്ര സഹകരണമന്ത്രാലയ സെക്രട്ടറി ഗ്യാനേഷ് കുമാര്‍ സമിതിയെ അറിയിച്ചു.

അതേസമയം, കേരള കോഓപ്പറേറ്റീവ് സൊസൈറ്റീസ് നിയമപ്രകാരം (1969) റജിസ്റ്റര്‍ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങള്‍ പബ്ലിക് അതോറിറ്റി എന്ന നിര്‍വചനത്തില്‍ വരില്ലെന്നു ചൂണ്ടിക്കാട്ടി സംഘങ്ങള്‍ക്ക് ആര്‍ടിഐ ബാധകമല്ലെന്ന് 2013 ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതുമറികടക്കാന്‍ നിയമഭേദഗതി വേണ്ടിവരും. സഹകരണനയത്തിന്റെ കരട് ഉടന്‍ തയാറാകുമെന്ന് സഹകരണ മന്ത്രാലയം സമിതിയെ അറിയിച്ചു.