കൊച്ചി: ത്രിദിന സന്ദർശനത്തിനായി കേരളത്തിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമു. തദ്ദേശീയമായി നിർമിച്ച ആദ്യ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് രാഷ്ട്രപതി സന്ദർശിച്ചു. നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘പ്രസിഡന്റ്‌സ് കളർ’ (പ്രത്യേക നാവിക പതാക) ദ്രൗപദി മുർമു സമ്മാനിക്കുകയും ചെയ്തു.
തിരുവനന്തപുരത്തേക്ക് പോകുന്ന രാഷ്ട്രപതി ഹയാത്ത് റീജൻസി ഹോട്ടലിൽ വിശ്രമിക്കും. വെള്ളിയാഴ്ച രാവിലെ 9.30 ന് മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. 11.35 ന് കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ കുടുംബശ്രീ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. രാത്രി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്ന അത്താഴ വിരുന്നിലും രാഷ്ട്രപതി പങ്കെടുക്കും.
മാർച്ച് 18ന് രാവിലെ 10.10 ന് ദ്രൗപതി മുർമു കന്യാകുമാരി വിവേകാനന്ദ കേന്ദ്രം സന്ദർശിക്കും. 11.30നു തിരുവനന്തപുരത്ത് മടങ്ങിയെത്തിയശേഷം 1.30നു ലക്ഷദ്വീപിലേക്കു പോകും. അവിടെനിന്ന് 21ന് 12.30നു കൊച്ചിയിൽ എത്തി ഡൽഹിക്കു മടങ്ങും.

