തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാർട്ടി സംസ്ഥാന കൗൺസിലിൽ രൂക്ഷവിമർശനം. തിരുത്തൽ ശക്തിയായിരുന്ന കാനം തിരുമ്മൽ ശക്തിയായെന്നും ഏകാധിപതി ആയെന്നുമുള്ള വിമർശനങ്ങളാണ് യോഗത്തിൽ പ്രധാനമായും ഉയർന്നത്.
വയനാട് മുൻ ജില്ലാ സെക്രട്ടറി വിജയൻ ചെറുകരയാണ് കാനം ‘തിരുമ്മൽ ശക്തി’ ആയി എന്ന വിമർശനം ഉന്നയിച്ചത്. തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നതിന്റെ ഉറവിടം ഇപ്പോൾ വ്യക്തമായെന്നാണ് കാനം ഈ ആരോപണത്തിന് നൽകിയ മറുപടി. ഉദ്ദേശിച്ച കാര്യം നടക്കാതെ വരുമ്പോൾ താൻ എതിർക്കുന്നയാളല്ലെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
അതേസമയം, എല്ലായിടത്തും കാനം രാജേന്ദ്രൻ പാർശ്വവർത്തികളെ കുത്തിനിറയ്ക്കുന്നുവെന്ന വിമർശനവുമായി ടി കെ കൃഷ്ണനും രംഗത്തെത്തി. സംസ്ഥാന നേതൃത്വത്തിന്റെ പല തീരുമാനങ്ങളും ശരിയല്ലെന്നും ഇതിൽ പ്രതിഷേധമുള്ളതുകൊണ്ടാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചതെന്നും വി ബി വിനുവും ചൂണ്ടിക്കാട്ടി.

