ന്യൂഡല്‍ഹി: ലണ്ടനിലെ പ്രസ്താവന കാരണം രാഹുല്‍ ഗാന്ധി സഭയിലെത്തി മാപ്പ് പറയണമെന്ന് കേന്ദ്രം. പ്രധാനമന്ത്രിയെയും രാജ്യത്തെയും രാഹുല്‍ അപമാനിച്ചതിനാല്‍ രാഹുലിനെതിരെ നടപടി വേണമെന്ന് രാജ് നാഥ് സിംഗ് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസും രാഹുലും രാജ്യത്തോട് മാപ്പ് പറയണം. രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും ചൂണ്ടിക്കാട്ടി.
അതേസമയം, താനടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചാര സോഫറ്റ് വെയറായ പെഗാസെസ് ഉപയോഗിച്ച് സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരമ്പരയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ‘ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് ഭരണഘടന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തതോടെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് മത്സരത്തിന്റെ സ്വഭാവം അട്ടിമറിക്കപ്പെട്ടു. ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണ്. പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയില്‍. ചാരസോഫ്‌റ് വെയറായ പെഗാസെസ് ഉപയോഗിച്ച് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നുണ്ട്. കരുതലോടെ സംസാരിക്കണം. ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും’ രാഹുല്‍ ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ വെളിപ്പെടുത്തി.

