ഞാനൊരു പുകയും കണ്ടില്ല; ബ്രഹ്മപുരം തീപിടുത്തത്തിൽ പരിഹാസവുമായി ആഷിഖ് അബു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ ആഷിഖ് അബു. തീപിടുത്തത്തെ ന്യായീകരിച്ചുകൊണ്ട് ഉയർന്നുവന്ന വാദങ്ങൾ ഉയർത്തിക്കാട്ടിയുള്ള മാനുവൽ റോണിയുടെ ആക്ഷേപഹാസ്യ പോസ്റ്റ് പങ്കുവെച്ചാണ് ആഷിഖ് അബുവിന്റെ പരാമർശങ്ങൾ. ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ആഷിഖ് അബുവിന്റെ പരാമർശങ്ങൾ.

നോട്ട് നിരോധന സമയത്ത് കേട്ട ന്യായീകരണങ്ങൾ പോലെ തന്നെയാണ് തീപിടുത്തത്തെ ന്യായീകരിച്ചുകൊണ്ട് ചിലർ പറയുന്നത് എന്നാണ് പോസ്റ്റിൽ പറയുന്നത്. ”ഞാൻ ഒരു ദിവസം കാക്കനാട് പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല”, ”തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയൻ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല.”, ”എറണാകുളത്ത് ഉള്ളവർ അരാഷ്ട്രീയർ ആണ്. അവർ സ്വന്തം മാലിന്യങ്ങൾ സർക്കാരിനെ ഏൽപ്പിക്കുന്നു”, ” എല്ലാ ആരോപണവും സംസ്ഥാന സർക്കാരിനെ തകർക്കാനാണ്.” സന്ദേശം സിനിമയിലെ ഡയേലാഗ് ഇപ്പോഴാണ് പിടികിട്ടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഘടനവാദികളും പ്രതിക്രിയവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നുവെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.