ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ലണ്ടനിൽ നടത്തിയ പരാമർശങ്ങളിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു. രാഹുലിന്റെ പരാമർശങ്ങളുടെ അടിസ്ഥാനം നുണകളാണെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
രാജ്യത്തിനെതിരായി നിങ്ങൾ വിദേശത്ത് നടത്തുന്ന പരാമർശങ്ങളുടെ പേരിൽ ജനങ്ങൾ കോൺഗ്രസിനെ രാഷ്ട്രീയമായി തകർക്കും. രാജ്യത്ത് ജനാധിപത്യത്തിന് ഒരു അപകടവുമില്ല. രാഹുലിന്റെ മാപ്പ് രാജ്യത്തെ ഓരോ പൗരനും ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും രാഹുലിന്റെ വിവാദപരമായ പരാമർശങ്ങളിൽ പാർലമെന്റിലെ ഇരുസഭകളും തടസ്സപ്പെട്ടു. രാഹുൽ മാപ്പ് പറയണമെന്നതാണ് ഭരണപക്ഷം ഉയർത്തുന്ന വാദം. അതേസമയം അദാനി-ഹിൻഡർബർഗ് അടക്കമുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഹുലിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

