ലഹോർ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടി അധ്യക്ഷനുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി ഇസ്ലാമാബാദ് പോലീസ്. തോഷഖാന കേസുമായി ബന്ധപ്പെട്ടാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്താനായി പോലീസ് ഇമ്രാൻ ഖാന്റെ ലഹോറിലെ വസതിക്കു സമീപമെത്തി. ഇമ്രാന്റെ വീട്ടിലേക്കുള്ള എല്ലാ റോഡുകളും പോലീസ് കണ്ടെയ്നറുകൾ സ്ഥാപിച്ചു തടയുകയും ചെയ്തു.
അതേസമയം, അറസ്റ്റ് തടയാനുള്ള നീക്കമാണ് പിടിഐ പ്രവർത്തകർ നടത്തുന്നത്. ഇതിനായി ഇവർ ഇമ്രാൻ ഖാന്റെ വസതിക്കുമുന്നിൽ സംഘടിച്ചിട്ടുണ്ട്. പോലീസിന് നേരെ പ്രവർത്തകർ കല്ലെറിയുകയും ചെയ്തു. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ ഇസ്ലാമാബാദ് ഡിഐജിക്ക് പരുക്കേറ്റിട്ടുണ്ട്. പ്രവർത്തകരോട് സംഘടിക്കാൻ വിഡിയോ സന്ദേശത്തിലൂടെ ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ ലഹോറിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിരിക്കുകയാണ്.
ലഹോറിലെ ഇമ്രാന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയ അനുയായികൾക്കു നേരെയുണ്ടായ ആക്രമണത്തിനിടെ പിടിഐ പ്രവർത്തകൻ അലി ബിലാൽ എന്ന സിൽലെ ഷാ കൊല്ലപ്പെട്ടിരുന്നു. ഷായുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാനും മറ്റു 400 പേർക്കുമെതിരെ ലഹോർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തെളിവുകൾ മറച്ചതിനാണ് എഫ്ഐആർ.

