ആര്‍ആര്‍ആറിന്റെ രണ്ടാം ഭാഗം; പ്രതികരണവുമായി രാജമൗലി

രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിനാണ് ഇത്തവണത്തെ മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചത്. അംഗീകാരത്തിന് പിന്നാലെ ആര്‍.ആര്‍.ആറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാവുകയാണ്.

ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകന്‍ രാജമൗലി നേരത്തെ വെളിപ്പെടുത്തിയിരുന്നു. പുരസ്‌കാരത്തിന് പിന്നാലെ ആര്‍.ആര്‍.ആര്‍ 2ന്റെ രണ്ടാം ഭാഗത്തിന്റെ സ്‌ക്രിപ്റ്റിങ് ജോലികള്‍ വേഗത്തിലാക്കിയതായി രാജമൗലി പറഞ്ഞു. അവാര്‍ഡ് ലഭിച്ച ശേഷം നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് തന്നെയാണ് രണ്ടാം ഭാഗത്തിനും തിരക്കഥയൊരുക്കുന്നത്.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍ (രുധിരം, രൗദ്രം, രണം). 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുകയും ചെയ്തു.