തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ നേതാവും മുൻമന്ത്രിയുമായ മുല്ലക്കര രത്നാകരൻ. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ബ്രഹ്മപുരം കേരളത്തിന്റെ നന്ദിഗ്രാമാണെന്ന് അദ്ദേഹം വ്യക്തമാക്കി, മറ്റുനേതാക്കളും വിഷയത്തിൽ ഇടപെട്ടതോടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിഷയത്തിൽ പ്രതികരണം നടത്തി. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ വിഷയത്തിൽ ഇപ്പോൾ ചർച്ച വേണ്ടെന്ന് കാനം ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് വിഷയത്തിൽ കേന്ദ്ര സർക്കാർ റിപ്പോർട്ട് തേടിയ വിവരം വ്യക്തമാക്കിയത്. കേരളത്തിന് എല്ലാവിധ പിന്തുണയും നൽകുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ബ്രഹ്മപുരം വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രി വി. മുരളീധരനും യുഡിഎഫ് എംപിമാരും ആരോഗ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. ബ്രഹ്മപുരത്തെ സ്ഥിതിഗതികൾ വി മുരളീധരൻ കേന്ദ്രമന്ത്രിയോട് വിശദീകരിച്ചു. മാലിന്യ സംസ്കരണം സംബന്ധിച്ച ചട്ടങ്ങൾ ഒന്നും പാലിക്കാതെയുള്ള പ്ലാന്റിന്റെ പ്രവർത്തനം, അഴിമതി കരാർ തുടങ്ങി വിവിധ വിഷയങ്ങൾ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു.

