ന്യൂഡല്‍ഹി: സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹത്തിനു സാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. അടുത്തമാസം 18 മുതല്‍ വാദം കേള്‍ക്കും. അതീവ പ്രാധാന്യമുള്ള വിഷയമാണിതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
അതേസമയം, സ്വവര്‍ഗ വിവാഹത്തിനു നിയമപരമായ സാധുത നല്‍കരുതെന്നു കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. ഭര്‍ത്താവ്, ഭാര്യ, അവര്‍ക്കുണ്ടാകുന്ന കുട്ടികള്‍ എന്ന ഇന്ത്യന്‍ കുടുംബ സങ്കല്‍പത്തോടു ചേരുന്നതല്ല സ്വവര്‍ഗ വിവാഹമെന്നു കേന്ദ്രം കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
എന്നാല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പില്‍ സ്വവര്‍ഗലൈംഗികബന്ധം ഉള്‍പ്പെടെയുള്ളവ കുറ്റകരമാക്കുന്ന വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിച്ചു റദ്ദാക്കിയെങ്കിലും സ്വവര്‍ഗവിവാഹത്തിനു സാധുത ലഭിക്കാനുള്ള മൗലികാവകാശം ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെടാനാവില്ലെന്നാണു കേന്ദ്രത്തിന്റെ വാദം.

